ന്യൂയോർക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ ജർമനിയുടെ സ്ഫോടനാത്മക തുടക്കം. ഗ്രൂപ്പ് ഇയിൽ കുഞ്ഞന്മാരായ കുറസാവൊയെ ഒന്നിന് എതിരേ ഏഴ് ഗോളിന് ജർമനി തകർത്തെറിഞ്ഞു.
ആറാം മിനിറ്റിൽ ഫിലിക്സ് മെച്ചയിലൂടെ തുടങ്ങിയ ജർമൻ ഗോൾവേട്ടയ്ക്ക് അവസാനം കുറിച്ചത് കായ് ഹവേർട്ട്സ് ആയിരുന്നു. ഹവേർട്ട്സ് (45+5 പെനാൽറ്റി, 88) ഇരട്ടഗോൾ സ്വന്തമാക്കി.
നിക്കോ ഷോൽട്ടർബർഗ് (38), യമാൽ മുസിയാല (47), നഥാനിയേൽ ബ്രൗണ്‍ (68), ഡെനിസ് ഉണ്‍ഡവ് (78) എന്നിവരും ജർമനിക്കായി വലകുലുക്കി.
കന്നിക്കാരായി ലോകകപ്പ് വേദിയിൽ എത്തിയ കുറസാവൊയ്ക്കു വേണ്ടി ലിവാനൊ കൊമെനെർ (21) ആശ്വാസ ഗോൾ നേടി. ഫിഫ ലോകകപ്പിൽ കുറസാവൊയുടെ കന്നി മത്സരത്തിൽ രാജ്യത്തിന്റെ ആദ്യ ഗോളിനുടമയായി ലിവാനൊ.
ബ്രസീൽ 1-1ന് മൊറോക്കോയുമായി സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് ജർമനിയുടെ കരുത്തറിയിച്ചുള്ള വന്പൻജയം. വിനീഷ്യസ് ജൂണിയറിന്റെ ഗോളായിരുന്നു ബ്രസീലിനു സമനില സമ്മാനിച്ചത്.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ സ്പെയിൻ, ബെൽജിയം ടീമുകൾ കളത്തിലെത്തും. ഇന്ത്യൻ സമയം രാത്രി 9.30ന് കേപ് വെർദെയ്ക്ക് എതിരേയാണ് സ്പെയിൻ ഇറങ്ങുന്നത്.